Image

Toyata Taisor and Maruti Fronx

TWINNING CARS കാർ മാർക്കറ്റിൽ ഇരട്ടകളെക്കൊണ്ടു തോറ്റു

മാരുതി സുസുക്കിയുടെ ഇലക്ട്രിക് കാർ ആയ ഇ-വിറ്റാരയുടെ ടൊയോട്ട സഹോദരൻ ഇബെല്ലയും റെനോ ട്രൈബറിന്റെ നിസ്സാൻ പതിപ്പായ ഗ്രാവൈറ്റും വിപണിയിലെത്തിയതോടെ ഇന്ത്യൻ കാർ വിപണി ഇരട്ടകളുടെ എണ്ണം ഉയർന്നിരിക്കുകയാണ്. റെനോയുടെ ഡസ്റ്റർ എസ് യു വി ഈ മാസം എത്തുമ്പോൾ അതിന് തൊട്ടു പിന്നാലെ നിസാൻ പതിപ്പായ ടെക്റ്റോണും എത്തും.

Nissan Gravite, Renault Triber

ഇങ്ങനെ ഒരേ കാർ തന്നെ ഒന്നിലേറെ കമ്പനികൾ നേരിയ മാറ്റങ്ങളോടെ പുറത്തിറക്കുന്ന "ബാഡ്ജ് എൻജിനീയറിങ്" പരിപാടി തുടങ്ങിയിട്ട് കാലമേറെയായി. കമ്പനികളുടെ ഗവേഷണ വികസന പ്രവർത്തനങ്ങൾക്കുള്ള ചെലവ് കുറയും എന്നതും സാങ്കേതികവിദ്യകൾ പങ്കിടുന്നതിനാൽ കൂടുതൽ വേഗത്തിൽ പുതിയ മോഡലുകൾ വിപണിയിൽ ഇറക്കാം എന്നതും ആണ് മുഖ്യമായും കമ്പനികളെ ഇതിന്  പ്രേരിപ്പിക്കുന്നത്. കടുത്ത മത്സരം നേരിടുന്ന വിപണികളിൽ ഇത്തരം സഹകരണം ഇല്ലാതെ എളുപ്പമല്ല. ചൈനീസ് കമ്പനികൾ അതിവേഗം കളം പിടിച്ചതോടെ ആഗോള വിപണിയിൽ പണ്ടേയുള്ള കമ്പനികൾക്ക് ഇത്തരം വഴികൾ തേടാതെ വയ്യെന്നായി. ഒരേ പ്ലാറ്റ്ഫോമുകളും എൻജിനുകളും ഗിയർബോക്സുകളും ഒക്കെ ഉപയോഗിച്ച് ഒന്നിലേറെ ബ്രാൻഡുകൾ വാഹനങ്ങൾ പുറത്തിറക്കുന്ന രീതിയാണ് ബാഡ്ജ് എൻജിനീയറിങ്.

Hyryder, Grand Vitara

ജപ്പാൻ കമ്പനികളായ സുസുക്കിയും ടൊയോട്ടയും ചേർന്ന് വർഷങ്ങൾക്കു മുമ്പ് തന്നെ രൂപീകരിച്ച സഖ്യമാണ് ഇക്കാര്യത്തിൽ വലിയ വിജയമായി തുടരുന്നത്. അതിനുംമുൻപ് ജപ്പാൻ കമ്പനി നിസാനും ഫ്രഞ്ച് കമ്പനി റെനോയും ഇന്ത്യയിൽ സഖ്യം തുടങ്ങി വാഹന ഷെയറിങ് അവതരിപ്പിച്ചിരുന്നു. അവരുടെ കാർ ഉൽപാദനം തന്നെ ഒരു ഫാക്ടറിയിൽ ആയിരുന്നു. വിൽപനയും ബാക്കി ബിസിനസും മാത്രം വെവ്വേറെ കമ്പനികൾ ആയി നടത്തി. ഇപ്പൊൾ ഫാക്ടറി പൂർണമായും റെനോയുടേത് ആയെങ്കിലും വാഹന ഷെയറിങ് തുടരുന്നു. യൂറോപ്യൻ ബ്രാന്റുകളായ ഫോക്സ്‌വാഗനും സ്കോഡയും ഇതേ രീതിയിൽ ബാഡ്ജ് എൻജിനീയറിങ് ചെയ്യുന്നുണ്ട്. അതുപോലെ കൊറിയക്കാരായ ഹ്യുണ്ടായിയും കിയയും. ടൊയോട്ടയും സുസുക്കിയുമായുള്ള സഹകരണവുമായി യൂറോപ്യൻ, കൊറിയൻ സഹകരണങ്ങളുമായി വ്യത്യാസമുണ്ട്. കാരണം ഫോക്സ്വാഗനും സ്കോഡയും ഒരേ ഉടമസ്ഥതയിലുള്ള വാഹന ബ്രാൻഡുകളാണ്. അതുപോലെ ഹ്യുണ്ടായിയും കിയയും ഒരേ കുടുംബത്തിലെ അംഗങ്ങൾ. വിപണിയിൽ വെവ്വേറെ ബ്രാൻഡുകൾ ആയി മത്സരിക്കുന്നു എന്നുമാത്രം. ജപ്പാനിൽ സുസുക്കിയുടെ ഓഹരി ടൊയോട്ട അടക്കമുള്ള പല കമ്പനികളുടെയും കയ്യിലുണ്ട്. എന്നാൽ ഇന്ത്യയിൽ സുസുക്കിയുടെ ഉടമസ്ഥതയിലുള്ള മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡും ടൊയോട്ട കിർലോസ്കർ ലിമിറ്റഡും തികച്ചും 2 സ്വതന്ത്ര കമ്പനികളാണ്. നിലവിൽ ഗ്രാൻഡ് വിറ്റാര-ഹൈ റൈഡർ,  ബലെനോ- ഗ്ലാൻസ, ഫ്രോങ്സ് - ടൈസർ, ഇവിറ്റാര- ഇബെല്ല, എർട്ടിഗ- റൂമിയോൺ, ഇന്നോവ ഹൈക്രോസ് - ഇൻവിക്ടോ ഇത്രയും ഇരട്ടകളാണ് മാരുതി -ടൊയോട്ട സഹകരണത്തിൽ ഉള്ളത്.

മാരുതിയുടെ വിക്ടോറിസ് ഇക്കൂട്ടത്തിലെ ഗ്രാൻഡ് വിറ്റാര, ഹൈറൈഡർ എന്നിവയുടെ മറ്റൊരു സഹോദരനാണ്.

പുറംകാഴ്ചയിൽ നേരിയ മാറ്റം വരുത്തി ബ്രാൻഡ് വ്യക്തിത്വം വരുത്താൻ ബ്രാൻഡുകൾ ശ്രമിക്കും. ചിലർ ബോഡിഷേയ്പ്പിനു കൂടി വ്യത്യാസം വരുത്താറുണ്ട്. നിസ്സാൻ മാഗ്നെറ്റും റെനോ കൈഗറും ഇരട്ടകൾ ആണെങ്കിലും ബോഡിഷെൽ ഡിസൈനിൽ മാറ്റം ഉള്ളതുകൊണ്ട് ഒറ്റനോട്ടത്തിൽ അങ്ങനെ തോന്നില്ല.

സ്കോഡ കുഷാക്ക്- ഫോക്സ്‌വാഗൺ ടൈഗുൻ, സ്ലാവിയ-  വെർടുസ്, കോഡിയാക്- ടെയ്റോൺ, ഹ്യുണ്ടായ് വെന്യൂ - കിയ സോണറ്റ്, ക്രെറ്റ - സെൽറ്റോസ് എന്നിവയും മാർക്കറ്റിലെ ഇരട്ടകളാണ്. സഹകരണം നേട്ടം ആകുമെന്ന് മേൽപ്പറഞ്ഞ കമ്പനികളുടെയെല്ലാം അനുഭവം തെളിയിക്കുന്നു. ഉദാഹരണത്തിന്, വലിയ കാറുകൾ മാത്രം ഉണ്ടായിരുന്ന ടൊയോട്ട ഷോറൂമുകളിൽ ഇപ്പോൾ സാധാരണക്കാർക്കും പോകാം. ഇന്നോവ, ഫോർച്യൂണർ, കാമ്രി

തുടങ്ങിയ വലിയ വാഹനങ്ങൾ മാത്രം ഉണ്ടായിരുന്ന ഷോറൂമുകളിൽ ഇപ്പോൾ ഗ്ലാൻസ, ടൈസർ, റൂമിയോൺ, ഹൈറൈഡർ എന്നിങ്ങനെ ജനപ്രിയ മോഡലുകൾ നിറഞ്ഞതിനു പിന്നിൽ സുസുക്കിയുമായുള്ള സഹകരണമാണ്. ഇന്നോവ ഹൈ ക്രോസിന് ഇൻവിക്ടോ എന്നു പേരു നൽകി മാരുതി സുസുക്കി ഷോറൂമുകളിൽ എത്തിച്ചപ്പോൾ, മാരുതിക്ക് വലിയ പ്രീമിയം മോഡലില്ല എന്ന പരാതി ഒഴിവാക്കാനുമായി. 

നിസ്സാന്റെ കാര്യം എടുത്താൽ മാഗ്നൈറ്റ് എന്ന ഒറ്റ മോഡലുമായി ഇന്ത്യയിൽ ജീവിക്കുക എന്ന പരിതാപകരമായ അവസ്ഥയിൽ നിന്നും രക്ഷപ്പെടാൻ ഇപ്പോൾ ഗ്രാവൈറ്റ് കൂടി എത്തി. ഇക്കൊല്ലം തന്നെ ടെക്ടോൺ എത്തുന്നതോടെ നിസ്സാൻ ഷോറൂമുകളും കൂടുതൽ സജീവമാകും

സ്കോഡയും ഫോക്സ്വാഗനും ചേർന്ന് വികസിപ്പിച്ച ഒറ്റ പ്ലാറ്റ്ഫോമിലാണ് കുഷാക്ക്, ടൈഗുൺ, സ്ലാവിയ, വെർടുസ് എന്നിവ. സ്കോഡ കൈലാക്കും ഇതേ പ്ലാറ്റ്ഫോമിൽ ആണെങ്കിലും ഫോക്സ്വാഗൺ ഇതിന്റെ ഇരട്ടയായെ എത്തിച്ചിട്ടില്ല.

ജപ്പാൻ കമ്പനിയായ ഹോണ്ട വിശ്വാസ്യതയ്ക്ക് പേരുകേട്ടതാണെങ്കിലും ഇപ്പോഴത്തെ ആഗോള സാഹചര്യങ്ങളിൽ പിടിച്ചുനിൽക്കാൻ പാടുപെടുകയാണ്. ജപ്പാൻ കമ്പനികളുമായി ഹോണ്ട കഴിഞ്ഞവർഷം ഐക്യം പ്രഖ്യാപിച്ചെങ്കിലും ചർച്ച ലയനത്തിനു മുമ്പ് തന്നെ അലസി. ഇന്ത്യയുടെ കാര്യം എടുത്താൽ ഹോണ്ട മികച്ച എൻജിനികളും എയർ ബോക്സും വാഹനങ്ങളും അവതരിപ്പിച്ച് വിശ്വാസം നേടിയിട്ടും മാർക്കറ്റിൽ ഒരു ചലനവും ഉണ്ടാക്കാനാവുന്നില്ല എന്നാൽ ഏതെങ്കിലും ഒരു ജപ്പാൻ സഖ്യത്തിൽ ഹോണ്ടയും അംഗമായാൽ ഈ പ്രതിസന്ധി മറികടക്കാം എന്ന് മാത്രമല്ല ടെക്നോളജികൾ കുറഞ്ഞ ചെലവിൽ കിട്ടുകയും ചെയ്യും.

ടാറ്റയും മഹീന്ദ്രയും പോലുള്ള ഇന്ത്യൻ കമ്പനികൾ പലവിധ സഹകരണങ്ങൾ പല ആഗോള ബ്രാൻഡുകളും ആയി ചേർന്ന് നടപ്പാക്കിയിട്ടുണ്ട്. ബാഡ്ജ് എൻജിനീയറിങ് എന്ന മോഡൽ ഷെയറിങ് പരിപാടിയിലേക്ക് എത്തിയിട്ടില്ല എന്നുമാത്രം.