Image

Ignis

നിർത്തിയോ ഇഗ്നിസ് ?

മാരുതി സുസുക്കിയുടെ ഒരുകാലത്തെ ജനപ്രിയ മോഡലായിരുന്ന ഹാച്ച്ബാക്ക് ഇഗ്നിസ് ഉത്പാദനം നിർത്തിയതായി സൂചന. അത്  ബുക്ക് ചെയ്തവരോടും പുതുതായി ബുക്ക് ചെയ്യാൻ എത്തുന്നവരോടും ഡീലർമാർ തന്നെയാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്

കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സോഷ്യൽ മീഡിയയിൽ ഇത് പ്രചരിക്കുകയാണ്. മാരുതി Nexa വെബ്സൈറ്റിൽ ഇപ്പോഴും ignis ലൈവ് ആണ്. പൂർണ്ണ വിവരങ്ങളും വിലയുമൊക്കെ ലഭ്യമാണ്.  മാർച്ച് 31ന് ശേഷം ignis മാരുതിയുടെ പട്ടികയിൽ ഉണ്ടാവില്ല എന്നാണ് GoatIt.co നൽകുന്ന സൂചന.


Ignis interior

സ്വിഫ്റ്റിൽ ഉപയോഗിച്ചിരുന്ന അതേ പെട്രോൾ, ഡീസൽ എഞ്ചിനുകളും എന്നാൽ സ്വിഫ്റ്റിനേക്കാൾ ഉയർന്ന ഇരിപ്പിടവും ഉള്ള റിറ്റ്സ്  വിൽപന അവസാനിപ്പിച്ചപ്പോൾ പകരം അവതരിപ്പിച്ചതാണ് ഇഗ്നിസ്. റിറ്റ്സുമായുള്ള സാമ്യം മറച്ചുവയ്ക്കാതെ തന്നെയാണ് ignis ഡിസൈൻ ചെയ്തത്. Ritzന്റെ കാലത്ത് മൈക്രോ എസ്‌യുവി എന്ന പ്രയോഗം ഇല്ലായിരുന്നെങ്കിലും Ignis ഇറങ്ങിയപ്പോൾ രാജ്യത്ത് മൊത്തം SUV തരംഗമായതിനാൽ അതിനെ മൈക്രോ എസ് യു വി എന്നാണ് കമ്പനി വിശേഷിപ്പിച്ചത്. SUV എന്ന പേരിട്ടാൽ ഏതു കാറും വാങ്ങുന്ന രീതിയിലേക്ക് ഇന്ത്യൻ കാർ വിപണി എത്തിക്കഴിഞ്ഞിരുന്നു.

മാരുതി സ്വിഫ്റ്റിലും ഡിസയർ സെഡാനിലും കഴിഞ്ഞ വർഷം എൻജിൻ മാറ്റിയെങ്കിലും ഇഗ്നിസിൻ്റെ എൻജിൻ മാറിയില്ല. K 12 സീരീസ് 4-സിലിണ്ടർ 1.2 ലിറ്റർ പെട്രോൾ എൻജിൻ ആണത്; 82 hp പവറും 113 Nm ടോർക്കും.

Ignis engine

Swift, Dzire എന്നിവ Z സീരീസ് 3 സിലിണ്ടർ 1.2 ലിറ്റർ പെട്രോൾ എൻജിനിലേക്ക് മാറിക്കഴിഞ്ഞു. മൈലേജ് കൂടുതൽ ആണ് ഈ എൻജിനുകൾക്ക്. ഇഗ്നിസിന് കമ്പനി പറയുന്നത് 20 കിലോമീറ്റർ ആണെങ്കിൽ സ്വിഫ്റ്റിനു 25 കിലോമീറ്റർ.

സുരക്ഷയുടെ കാര്യത്തിലും ignis പിന്നിലാണ്. 2 എയർബാഗ് മാത്രമേയുള്ളൂ. സ്വിഫ്റ്റ് ഉൾപ്പെടെ പുതിയ കാറിനൊക്കെ 6 എയർബാഗ് സ്റ്റാൻഡേർഡ് ആണ്.

പുതിയ  മലിനീകരണ നിയന്ത്രണ - ഇന്ധനക്ഷമത- സുരക്ഷാ വ്യവസ്ഥകളൊക്കെ വരുമ്പോൾ IGNIS എൻജിൻ  മാറ്റേണ്ടിവരും, എയർബാഗ് കൂട്ടേണ്ടിവരും അല്ലെങ്കിൽ  മോഡൽ വിൽപന നിർത്തേണ്ടിവരും എന്ന് വ്യക്തമായിരുന്നു. എന്നാൽ എൻജിൻ മാറ്റി അവതരിപ്പിക്കാനൊന്നും ഉള്ള വിൽപന ഇഗ്നിസിന് ഇല്ല. ഒരു വാഹനത്തിന് മാത്രമായി K 12 പഴയ സീരീസ് എഞ്ചിൻ നിലനിർത്തുന്നത്പ്രായോഗികവുമല്ല.  

5,35,000 രൂപ മുതൽ 7,55,000 രൂപ വരെ വിലയിലാണ് മാനുവൽ, AMT വേരിയൻ്റുകളിൽ ignis എത്തിയിരുന്നത്. കഴിഞ്ഞവർഷം അവസാനം ജി എസ് ടി കുറഞ്ഞപ്പോൾ വില 50,000 രൂപ മുതൽ 66,000 രൂപ വരെ കുറച്ചു. എന്നിട്ടും വിൽപ്പനയിൽ  കുതിപ്പ് ഉണ്ടായില്ല. മാരുതിയുടെ വില്പനയിൽ Jimny, Ignis എന്നിവയുടെ സ്ഥാനം ഏറ്റവും താഴെയാണ്. അതുകൊണ്ടുതന്നെ നിർത്താൻ കമ്പനി തീരുമാനിച്ചാൽ അതിശയമില്ല. ഈ സ്ഥാനത്ത് പുതിയ ഏതെങ്കിലും മോഡലുമായി മാരുതി എത്തുമെന്ന്ഉറപ്പാണ്. കാരണം നെക്സ ഷോറൂമുകളിലെ ഏറ്റവും ചെറിയ വാഹനമാണ് ignis. ഈ സ്ഥാനം കമ്പനി ഒഴിച്ചിടാൻ സാധ്യതയില്ല.

Ignis ഉള്ളവർ ഒരു കാരണവശാലും ആശങ്കപ്പെടേണ്ടതില്ല. മാരുതിയുടെ അതിശക്തമായ സർവീസ് സ്പെയർപാർട്സ് ശൃംഖല ഉള്ളതുകൊണ്ട് ഒന്നും പേടിക്കാനില്ല, ധൈര്യമായി ഓടിക്കാം.

Ignis is using old generation engine and has only two airbags. Mileage is also less than that of Maruti Swift. Ignis is the entry level model in Maruti Suzuki Nexa showroom network.