കർണാടകയിൽ ഇനി ഇലക്ട്രിക് കാർ വാങ്ങുന്നത് നഷ്ടം
വൈദ്യുത വാഹനങ്ങളുടെ നികുതിയിളവ് അവസാനിക്കുന്നു: എല്ലാ ഇലക്ട്രിക് കാർ ഉടമകൾക്കും പുതിയ ലൈഫ് ടൈം ടാക്സ്.
പുതിയ നികുതി നിരക്കുകൾ:
* 10 ലക്ഷം രൂപ വരെയുള്ള വാഹനങ്ങൾക്ക്: വാഹന വിലയുടെ 5 ശതമാനം.
* 10 ലക്ഷം മുതൽ 25 ലക്ഷം രൂപ വരെയുള്ള വാഹനങ്ങൾക്ക്: വാഹന വിലയുടെ 8 ശതമാനം.
* 25 ലക്ഷം രൂപയ്ക്ക് മുകളിലുള്ള വാഹനങ്ങൾക്ക്: മുൻപുണ്ടായിരുന്നതുപോലെ 10 ശതമാനം നികുതി തുടരും.
നേരത്തെയുണ്ടായിരുന്ന നികുതിയിളവുകൾ അവസാനിപ്പിച്ചപ്പോൾ ഇതുവരെ റജിസ്റ്റർ ചെയ്ത വാഹനങ്ങളെയും വെറുതെ വിട്ടിട്ടില്ല. നിലവിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങൾക്കും ലൈഫ് ടൈം ടാക്സ് സ്ലാബുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. രണ്ട് വർഷം വരെ പഴക്കമുള്ള വാഹനങ്ങൾക്ക് പുതിയ വാഹനത്തിന്റെ നികുതിയുടെ 93 ശതമാനവും, 15 വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങൾക്ക് 25 ശതമാനവുമാണ് നികുതി നിശ്ചയിച്ചിരിക്കുന്നത്.
Tata Nexon, MG Windsor, Mahindra BE 6, XEV 9E, Hyundai Creta EV, Maruti Suzuki EVitara എന്നിങ്ങനെ ജനപ്രിയ മോഡലുകളുടെയൊക്കെ വില 10 ലക്ഷത്തിൽ കൂടുതൽ ആയതുകൊണ്ട് 8 ശതമാനം ടാക്സ് നൽകേണ്ടിവരും. ടോപ് വേരിയൻ്റുകൾക്ക് വില 25 ലക്ഷം കടന്നാൽ 10% ടാക്സ്.
20 ലക്ഷം രൂപ വിലയുള്ള കാറിന് 1.60 ലക്ഷം രൂപ ടാക്സ് ആണ് പുതുതായി നൽകേണ്ടത്. ഇതോടെ കർണാടകയിൽ ഇലക്ട്രിക് കാർ വാങ്ങുന്നത് ഒട്ടും ആകർഷകം അല്ലാതായി. സാധാരണ പെട്രോൾ, ഡീസൽ കാറുകൾക്ക് ഉള്ള നികുതിയായി വലിയ വ്യത്യാസമൊന്നും ഇല്ല. ചാർജിങ്ങിനുള്ള പ്രയാസവും സമയവും കാർ വിലയിലെ വലിയ വ്യത്യാസവും കണക്കിലെടുക്കുമ്പോൾ ഇലക്ട്രിക് കാർ വാങ്ങാൻ ഇനി ആളുകൾ മടിക്കും.
കഴിഞ്ഞ സാമ്പത്തിക വർഷം മോട്ടോർ വാഹന നികുതിയിനത്തിൽ ലക്ഷ്യമിട്ടതിനേക്കാൾ 1,000 കോടി രൂപയുടെ കുറവുണ്ടായതിനെത്തുടർന്ന്, ഈ സാമ്പത്തിക വർഷം 250 കോടി രൂപ അധികമായി സമാഹരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ടാക്സ് കൂട്ടിയതെന്ന് സർകാർ പറയുന്നു.
2026-27 വർഷത്തിൽ രജിസ്റ്റർ ചെയ്യുന്ന വിവിധ വിഭാഗത്തിലുള്ള ഇലക്ട്രിക്
വാഹനങ്ങളിൽ നിന്ന് 250 കോടി രൂപ സമാഹരിക്കാൻ കഴിയുമെന്ന് ബിൽ വ്യക്തമാക്കുന്നു. ബിൽ ഇപ്പോൾ ഗവർണറുടെ അനുമതിക്കായി കാക്കുകയാണ്.
പശ്ചിമേഷ്യൻ സംഘർഷം കാരണം ഇന്ത്യയിലേക്കുള്ള ഇന്ധന വിതരണത്തിൽ തടസ്സങ്ങൾ നേരിടുന്ന സമയത്താണ് ഈ നടപടി.
കർണാടക രജിസ്ട്രേഷൻ ഒരു വർഷത്തിനുള്ളിൽ റദ്ദാക്കുകയാണെങ്കിൽ അടച്ച നികുതിയുടെ 93 ശതമാനവും, 14-15 വർഷത്തിന് ശേഷമാണ് റദ്ദാക്കുന്നതെങ്കിൽ 25 ശതമാനവും തിരികെ ലഭിക്കുമെന്നും വ്യക്തമാക്കുന്നു.