Image

CNG filling

ബിഎസ്-7 (BS-VII) 2027 മുതൽ; സിഎൻജി വാഹനങ്ങൾക്കും പണി വരുന്നു.

ഇവി ബാറ്ററികൾക്കും കർശന നിയന്ത്രണങ്ങൾ.

വാഹന മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങളിലെ അടുത്ത വലിയ മാറ്റത്തിന് രാജ്യം ഒരുങ്ങുകയാണ്. ബിഎസ്-VII (BS-VII) മാനദണ്ഡങ്ങൾ 2027 മുതൽ നടപ്പിലാക്കാൻ സർക്കാർ നടപടി ആരംഭിച്ചുകഴിഞ്ഞു.

മലിനീകരണ തോത് കുറയ്ക്കുന്നതിനൊപ്പം, സിഎൻജി (CNG) ഉൾപ്പെടെ വാതക ഇന്ധന വാഹനങ്ങൾക്കും ഇലക്ട്രിക് വാഹനങ്ങളിലെ (EV) ബാറ്ററികൾക്കും പുതിയ നിബന്ധനകൾ ഏർപ്പെടുത്തുന്നത് സുപ്രധാന മാറ്റമാണ്.

ഭാരത് സ്റ്റേജ് 7(BS VII): ഇന്ത്യയിലെ വാഹന മലിനീകരണ നിയന്ത്രണ സംവിധാനത്തിന്റെ നട്ടെല്ലാണ് ഭാരത് സ്റ്റേജ് മാനദണ്ഡങ്ങൾ. ഹാനികരമായ വാതകങ്ങളുടെ പുറന്തള്ളൽ കുറച്ച് പരിസ്ഥിതി നിലവാരം ഉയർത്തുന്നതിനായുള്ള അടുത്ത ഘട്ടമാണ് ബിഎസ്VII.  വാഹനങ്ങളിൽ മലിനീകരണ തോത് നിരന്തരം നിരീക്ഷിക്കാനുള്ള Real-time Monitoring സംവിധാനങ്ങൾ ഉണ്ടായേക്കാം. ലാബിലെ പരിശോധനകൾക്ക് പകരം നിരത്തിലൂടെ വാഹനം ഓടുമ്പോഴുള്ള മലിനീകരണ തോത് (Real-world emissions) ആയിരിക്കും പ്രധാനമായും പരിഗണിക്കുക. ഇതിന് വാഹനങ്ങളിൽ നിർമാതാക്കൾ തന്നെ ഓൺ ബോർഡ് സംവിധാനം ഏർപ്പെടുത്തണം.

കാർബൺ മോണോക്‌സൈഡ്, നൈട്രജൻ ഓക്സൈഡ്, അമോണിയ തുടങ്ങിയവയുടെ പുറന്തള്ളലിന് കൂടുതൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ഇത് വായു മലിനീകരണം കുറയ്ക്കാൻ സഹായിക്കും.

സിഎൻജി വാഹനങ്ങളും ഇലക്ട്രിക് ബാറ്ററികളും-

നിലവിൽ പരിസ്ഥിതി സൗഹൃദമായി കണക്കാക്കുന്ന സിഎൻജി വാഹനങ്ങളും ഇനി മുതൽ കർശന പരിശോധനകൾക്ക് വിധേയമാകും. എല്ലാത്തരം ഇന്ധനങ്ങൾക്കും സമാനമായ ഗുണനിലവാര മാനദണ്ഡങ്ങൾ കൊണ്ടുവരുന്നതിന്റെ ഭാഗമായാണിത്.

ഇലക്ട്രിക് വാഹനങ്ങളുടെ സുരക്ഷയും ഈടുനിൽപ്പും ഉറപ്പാക്കാൻ പുതിയ നിയമങ്ങൾ വരുന്നത് ഇലക്ട്രിക് കാർ വാങ്ങാൻ ആളുകൾക്ക് കൂടുതൽ ആത്മവിശ്വാസം നൽകും.

ബാറ്ററികളുടെ കുറഞ്ഞ ആയുസ്സ് (Minimum battery life), സുരക്ഷാ മാനദണ്ഡങ്ങൾ, പ്രവർത്തനക്ഷമത എന്നിവയിൽ പുതിയ നിബന്ധനകൾ ഉണ്ടാകും.


ബിഎസ്-VII ലേക്ക് മാറുമ്പോൾ ഇന്ധനത്തിന്റെ ഗുണനിലവാരത്തിൽ വലിയ മാറ്റങ്ങൾ വരുത്തേണ്ടി വരില്ല എന്നത് ആശ്വാസകരമാണ്.

വാഹന വില കൂടും അത്യാധുനിക മലിനീകരണ നിയന്ത്രണ സാങ്കേതികവിദ്യകൾ ഉപയോഗിക്കേണ്ടി വരുന്നതിനാൽ വാഹന നിർമ്മാതാക്കൾക്ക് ചിലവ് വർദ്ധിച്ചേക്കാം.

ഡീസൽ എൻജിനുകൾ കാര്യമായ പരിഷ്കരണം നടത്തേണ്ടിവരും എന്നും ഊഹിക്കാം. BS 6 വന്നപ്പോൾ പല കമ്പനികളും ഡീസൽ എൻജിൻ ഉപേക്ഷിച്ചപോലെ ഇനിയും പലരും ചെയ്യാൻ സാധ്യതയുണ്ട്. പെട്രോൾ ആയാലും നിലവിലെ എൻജിനുകൾ നവീകരിക്കാൻ ചെലവുണ്ട്. ഇതൊക്കെ വാഹന വില കൂടാൻ വഴിയൊരുക്കും. പക്ഷേ അന്തരീക്ഷ മലിനീകരണം കുറയും എന്നതിൻ്റെ മൂല്യം ഒട്ടും ചെറുതല്ല.

കേന്ദ്ര സർക്കാർ നിലവിൽ ബിഎസ്-VII ചട്ടക്കൂടിന് അന്തിമരൂപം നൽകി വരികയാണ്.  കരട് മാർഗ്ഗനിർദ്ദേശങ്ങൾ പൊതുജനങ്ങളുടെയും വിദഗ്ദ്ധരുടെയും അഭിപ്രായത്തിനായി പുറത്തിറക്കും.