Image

ലണ്ടൻ ഫാഷൻ വീക്കിൽ റോ മാംഗോ കലക്ഷൻ

ലണ്ടൻ ഫാഷൻ വീക്കിൽ അരങ്ങേറ്റം കുറിച്ച് റോ മാംഗോ

ലണ്ടൻ ഫാഷൻ വീക്കിന്റെ സമാപന ദിനത്തിൽ, ആഗോള ഫാഷൻ ഭൂപടത്തിൽ ഇന്ത്യൻ വസ്ത്രസങ്കൽപ്പങ്ങളുടെ പുതിയ ചരിത്രം കുറിച്ച് സഞ്ജയ് ഗാർഗിന്റെ 'റോ മാംഗോ' (Raw Mango). 18-ാം വാർഷികത്തിലേക്ക് കടക്കുന്ന ബ്രാൻഡിന്റെ ആദ്യ അന്താരാഷ്ട്ര അരങ്ങേറ്റമായിരുന്നു ഫെബ്രുവരി 23-ന് ലണ്ടനിലെ ലിൻഡ്‌ലി ഹാളിൽ (Lindley Hall) നടന്നത്.

കേവലം ഫാഷൻ ഷോ എന്നതിലുപരി ദക്ഷിണേഷ്യൻ സംസ്കാരത്തിന്റെ വൈവിധ്യത്തെ അടയാളപ്പെടുത്തുന്ന പ്രഖ്യാപനമായി 'ഇറ്റ്സ് നോട്ട് എബൗട്ട് ദി ഫ്ലവർ' (It’s Not About The Flower) എന്ന് പേരിട്ട ഈ ഫോൾ-വിന്റർ 2026 കളക്ഷൻ.

റോ മാംഗോ കലക്ഷനിൽ നിന്ന്


മാലകൾ പ്രചോദനമായ ഡിസൈൻ 

'ഇന്ത്യയുടെ സാംസ്‌കാരിക ജീവിതത്തിലെ ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമായ 'മാലകൾ' (Garlands) എന്ന ആശയത്തിലാണ് It’s Not About The Flower' എന്ന കളക്ഷൻ ഒരുങ്ങിയത്. "നമ്മുടേത് മാലകളുടെ സംസ്കാരമാണ്. ഇവിടെ പ്രസക്തി ഒറ്റപ്പെട്ട ഒരു പൂവിനല്ല, മറിച്ച് അവയുടെ കൂട്ടായ്മയ്ക്കാണ്," എന്ന് സഞ്ജയ് ഗാർഗ് വ്യക്തമാക്കി.

വസ്ത്രങ്ങളിൽ പൂക്കളുടെ ഡിസൈൻ തുന്നിച്ചേർക്കുന്നതിന് പകരം, സിൽക്കും കമ്പിളിയും ഉപയോഗിച്ച് ത്രിമാന രൂപത്തിലുള്ള (3D-molded) പൂക്കളും മാലകളും വസ്ത്രത്തിന്റെ ഭാഗമായി തന്നെ മാറ്റുകയായിരുന്നു.

ലേസർ കട്ട് ചെയ്ത സിൽക്കിൽ നിർമ്മിച്ച മുല്ലപ്പൂക്കളും, പേപ്പറിന് സമാനമായ ഫിനിഷുള്ള രജനീഗന്ധ പൂക്കളും വസ്ത്രങ്ങൾക്ക് ശില്പഭംഗി നൽകി.

ലണ്ടനിൽ റോ മാംഗോ അവതരിപ്പിച്ച കലക്ഷൻ

വസ്ത്രത്തിന്റെ വെറും അലങ്കാരമായല്ല, മറിച്ച് വസ്ത്രത്തിന്റെ രൂപഘടന തന്നെ ഈ മാലകൾക്ക് അനുസരിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. ചില വസ്ത്രങ്ങളിൽ ഒരു മാല ശരീരത്തിന് ചുറ്റും ചുറ്റിപ്പിണഞ്ഞു കിടക്കുന്ന രീതിയിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്.


40 ഓളം വസ്ത്രങ്ങളാണ് ഷോയിൽ അവതരിപ്പിച്ചത്. ഇതിൽ സാരികൾക്ക് പുറമെ ട്രൗസറുകൾ, ജാക്കറ്റുകൾ, കോട്ടുകൾ, ബ്ലൗസുകൾ എന്നിവയും ഉൾപ്പെടുന്നു. എംബ്രോയ്ഡറി ചെയ്ത ബ്രോക്കേഡുകൾക്കൊപ്പം റിബ്-നിറ്റ് കോട്ടൺ, ക്വിൽറ്റഡ് റയോൺ, വൂൾ ഫെൽറ്റ് എന്നിവയുടെ വിസ്മയിപ്പിക്കുന്ന കോമ്പിനേഷനുകൾ വസ്ത്രങ്ങൾക്ക് ആധുനികത പകർന്നു. ഇന്ത്യൻ ഫാഷൻ എന്നാൽ കനത്ത വർക്കുകളും തിളങ്ങുന്ന അലങ്കാരങ്ങളും മാത്രമാണെന്ന പാശ്ചാത്യ രാജ്യങ്ങളുടെ ധാരണയെ സഞ്ജയ് ഗാർഗ് തിരുത്തിക്കുറിച്ചു. 

കരകൗശല വിദ്യയുടെ തനിമ കൈവിടാതെ തന്നെ ആഗോള ആഡംബര വിപണിയിൽ ഇന്ത്യൻ ഡിസൈനുകൾക്ക് പുതിയൊരു ഭാഷ നൽകാൻ റോ മാംഗോയ്ക്ക് ഈ ഷോയിലൂടെ സാധിച്ചു.

റോ മാംഗോ സാധാരണയായി ഉപയോഗിക്കാറുള്ള കടും നിറങ്ങളായ പിങ്ക് (Rani), മഞ്ഞ (Haldi) എന്നിവയ്ക്ക് പകരം ഈ കളക്ഷനിൽ കറുപ്പ്, വെള്ള, ഗോൾഡ് എന്നീ മോണോക്രോം നിറങ്ങൾക്കാണ് മുൻഗണന നൽകിയത്.

ഒപ്പം ഗ്രീൻ, ലെമൺ യെല്ലോ, പിങ്ക് എന്നീ 'വിഷ്വൽ സോർബെറ്റ്' നിറങ്ങളും വസ്ത്രങ്ങൾക്ക് മിഴിവേകി.

ഡീ ബിയേഴ്സ് ഗ്രൂപ്പുമായി (De Beers Group) സഹകരിച്ച് അവതരിപ്പിച്ച ഈ ഷോയിൽ ഫൊറെവർമാർക്ക് ഡയമണ്ട് (Forevermark) ആഭരണങ്ങളാണ് മോഡലുകൾ അണിഞ്ഞത്. 


റോ മാംഗോയുടെ ഈ ചുവടുവെപ്പ് ഇന്ത്യൻ കൈത്തറി വ്യവസായത്തിനും ഡിസൈനർമാർക്കും ആഗോളതലത്തിൽ വലിയ അംഗീകാരമാണ് നേടിക്കൊടുത്തിരിക്കുന്നത്. 

മുൻ നിരയിൽ പ്രമുഖർ

പ്രശസ്ത സിത്താർ വാദക അനൗഷ്ക ശങ്കർ, ബ്രിട്ടീഷ് മുൻ പ്രഥമ വനിത അക്ഷത മൂർത്തി, സംവിധായിക ഗുരീന്ദർ ചദ്ദ, ക്രിയേറ്റീവ് സ്ട്രാറ്റജിസ്റ്റ് അരൂജ് അഫ്താബ്.

പ്രമുഖ മോഡലുകളായ രാഹി ചദ്ദ, സുഹൈർ ഖാൻ തുടങ്ങി ഫാഷൻ ലോകത്തെയും കലാരംഗത്തെയും പ്രമുഖർ മുൻനിരയിൽ അണിനിരന്നു.