"ഡാർക്ക് ഷവറിംഗ്": ഇരുട്ടിലെ കുളി ഇന്ന് പുതിയ ട്രെൻഡ്
നിയോൺ വെളിച്ചമുള്ള സ്ക്രീനുകൾക്കും നിർത്താതെയുള്ള ഡിജിറ്റൽ നോട്ടിഫിക്കേഷനുകൾക്കുമിടയിൽ, ചിന്തിക്കാൻ പോലും പ്രയാസമുള്ള പുതിയ വെൽനസ് ട്രെൻഡ് ലോകമെമ്പാടും പടരുകയാണ്: "ഡാർക്ക് ഷവറിംഗ്". ലൈറ്റുകൾ അണച്ച് കുളിക്കുക എന്ന ലളിതമായ രീതി ഇന്ന് സോഷ്യൽ മീഡിയയിൽ തരംഗമാണ്. ദശലക്ഷക്കണക്കിന് യുവാക്കളാണ് ബാത്റൂമിലെ എൽ.ഇ.ഡി ലൈറ്റുകൾക്ക് പകരം പൂർണ്ണമായ ഇരുട്ടോ അല്ലെങ്കിൽ മെഴുകുതിരിയുടെ ചെറിയ വെളിച്ചമോ തിരഞ്ഞെടുക്കുന്നത്.
ഇതൊരു സസ്പെൻസ് സിനിമയിലെ രംഗം പോലെ തോന്നിക്കാമെങ്കിലും, സമ്മർദ്ദവും ഉറക്കമില്ലായ്മയും അകറ്റാനുള്ള മികച്ച വഴിയാണിതെന്ന് ഇതിന്റെ വക്താക്കൾ അവകാശപ്പെടുന്നു. ഇതിനു പിന്നിൽ ശാസ്ത്രീയമായ വശങ്ങളുണ്ടോ അതോ ഇതൊരു വെറും ഫാഷൻ മാത്രമാണോ? .

എന്താണ് ഡാർക്ക് ഷവറിംഗ്?
കേൾക്കുമ്പോൾ ലളിതമെന്ന് തോന്നുമെങ്കിലും ഇതിന് കൃത്യമായ രീതിയുണ്ട്. സാധാരണ നമ്മൾ രാവിലെ ചെയ്യുന്ന ഉന്മേഷദായകമായ കുളിയിൽ നിന്നും വ്യത്യസ്തമായി, രാത്രിയിൽ വെളിച്ചം കുറച്ചോ പൂർണ്ണമായും അണച്ചോ ചെയ്യുന്ന ഒരു ചടങ്ങാണിത്. കാഴ്ചയിലൂടെയുള്ള അനാവശ്യ ശ്രദ്ധ തിരിക്കലുകളും ബഹളങ്ങളും ഒഴിവാക്കി, കുളിയെ ഒരു ഇന്ദ്രിയാനുഭൂതിയാക്കി മാറ്റുകയാണ് ഇതിന്റെ ലക്ഷ്യം.
"ഡാർക്ക് ഷവർ എന്നത് നാഡീവ്യൂഹത്തിന് വേണ്ടിയുള്ള ഒരു ചടങ്ങാണ്," എന്ന് ആയുർവേദ വെൽനസ് വിദഗ്ധയായ നിധി പാണ്ഡ്യ പറയുന്നു. "ശരീരത്തെ ഉണർത്തുന്ന പ്രഭാത സ്നാനങ്ങളിൽ നിന്ന് വ്യത്യസ്തമായി, പകലത്തെ ജോലി അവസാനിച്ചുവെന്ന് തലച്ചോറിന് സൂചന നൽകാനാണ് ഇത് സഹായിക്കുന്നത്."
വെറുമൊരു "വൈബ്" മാത്രമല്ല
ആരോഗ്യ വിദഗ്ധരും ഉറക്കത്തെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രജ്ഞരും പറയുന്നത് ഈ രീതി ശരീരത്തിന്റെ സ്വാഭാവിക പ്രവർത്തനങ്ങളുമായി ചേർന്നുപോകുന്നതാണെന്നാണ്.
രാത്രിയിലുള്ള കടുത്ത വെളിച്ചം ഉറക്കത്തിന് സഹായിക്കുന്ന മെലാറ്റോണിൻ ഹോർമോണിനെ തടയുന്നു. ഇരുട്ടിൽ കുളിക്കുന്നതിലൂടെ, വെളുത്ത വെളിച്ചം തലച്ചോറിന് നൽകുന്ന "ഉണർന്നിരിക്കുക" എന്ന സന്ദേശം ഒഴിവാക്കാം.
ചൂടുവെള്ളത്തിലെ കുളി ശരീരതാപനില വർദ്ധിപ്പിക്കുന്നു. കുളി കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ താപനില പെട്ടെന്ന് താഴുന്നത് ഉറങ്ങാൻ സമയമായി എന്ന സൂചന തലച്ചോറിന് നൽകുന്നു. കാഴ്ച കുറയുമ്പോൾ മറ്റ് ഇന്ദ്രിയങ്ങൾ കൂടുതൽ സജീവമാകുന്നു. വെള്ളം വീഴുന്ന ശബ്ദവും സോപ്പിന്റെ ഗന്ധവും കൂടുതൽ തീവ്രമായി അനുഭവപ്പെടുന്നത് സമാധാനം നൽകാനും 'കോർട്ടിസോൾ' (Cortisol) എന്ന സമ്മർദ്ദ ഹോർമോൺ കുറയ്ക്കാനും സഹായിക്കും.
കണ്ണാടിയും കടുത്ത വെളിച്ചവും ഒഴിവാക്കുന്നത് വഴി സ്വന്തം ശരീരത്തെക്കുറിച്ചുള്ള വിമർശനാത്മകമായ ചിന്തകൾ കുറയ്ക്കാനും, ശരീരം എങ്ങനെയിരിക്കുന്നു എന്നതിനേക്കാൾ എങ്ങനെ അനുഭവപ്പെടുന്നു എന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും പലർക്കും സാധിക്കുന്നു.
ട്രെൻഡ് പ്രചാരത്തിലുണ്ടെങ്കിലും ഇതൊരു "അദ്ഭുത മരുന്നാണോ? ആരോഗ്യവിദഗ്ധർ ചില മുന്നറിയിപ്പുകൾ നൽകുന്നു. ഇത് മാനസിക സമ്മർദ്ദത്തിനോ വിട്ടുമാറാത്ത ഉറക്കമില്ലായ്മയ്ക്കോ ഉള്ള സമ്പൂർണ്ണ ചികിത്സയല്ല.

സുരക്ഷിതമായി എങ്ങനെ പരീക്ഷിക്കാം?
നിങ്ങളുടെ ബാത്റൂമിനെ ശാന്തമായ ഒരു ഇടമാക്കി മാറ്റാൻ ഈ വഴികൾ സ്വീകരിക്കാം:
1. തറ വൃത്തിയാക്കുക: തെന്നിവീഴാൻ സാധ്യതയുള്ള ടവലുകളോ കുപ്പികളോ നിലത്തില്ലെന്ന് ഉറപ്പുവരുത്തുക.
2. വെളിച്ചം കുറച്ചു തുടങ്ങുക: പൂർണ്ണമായ ഇരുട്ടിലേക്ക് മാറുന്നതിന് മുൻപ് ഒരു നൈറ്റ് ലൈറ്റോ ബാറ്ററിയിൽ പ്രവർത്തിക്കുന്ന മെഴുകുതിരിയോ ഉപയോഗിക്കുക.
3. അന്തരീക്ഷം ഒരുക്കുക: ലാവെൻഡർ പോലുള്ള സുഗന്ധങ്ങൾ ഉപയോഗിക്കുന്നത് കൂടുതൽ ആശ്വാസം നൽകും.