പാനീയ ലോകത്തെ പുതിയ 'സുന്ദരൻ': ഉബെ തരംഗം!
ചായയും കാപ്പിയും ഇനി പർപ്പിൾ നിറത്തിൽ കുടിക്കാം! ലോകമെമ്പാടുമുള്ള കഫേകള്‍ കീഴടക്കുകയാണ് ഫിലിപ്പീൻസിൽ നിന്നുള്ള 'ഉബെ' (Ube) എന്ന പർപ്പിൾ കാച്ചില്‍. ഇൻസ്റ്റാഗ്രാം തുറന്നാൽ ഈ വയലറ്റ് പാനീയമില്ലാത്ത ഫീഡുകൾ കാണാനില്ല!

കാണാൻ കിടു, കുടിക്കാനും
ആരെയും ആകർഷിക്കുന്ന ബ്രൈറ്റ് പർപ്പിൾ നിറത്തിനൊപ്പം വാനിലയുടെയും തേങ്ങയുടെയും മിശ്രിതം പോലെയാണ് ഇതിന്റെ രുചി. ഗ്രീൻ ടീയുടെ ചവർപ്പില്ലാത്തതിനാൽ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുകയും ചെയ്യുന്നു.
ഉബെയുടെ കടും പർപ്പിൾ നിറത്തിന് കാരണം അതിലെ ആന്തോസയാനിനുകൾ (Anthocyanins) എന്ന ആന്റിഓക്‌സിഡന്റുകളാണ്. ബ്ലൂബെറിയിൽ അടങ്ങിയിട്ടുള്ള അതേ ഘടകങ്ങളാണിത്. അതുകൊണ്ടുതന്നെ ഇതിനെ ഒരു 'സൂപ്പർ ഫുഡ്' ആയിട്ടാണ് മാർക്കറ്റ് ചെയ്യുന്നത്.
എന്നാൽ ആകർഷകമായ പർപ്പിൾ നിറം കാരണമുണ്ടാകുന്ന സോഷ്യൽ മീഡിയ സെൻസേഷനാണ് ഉബെയുടെ ഏറ്റവും വലിയ വിജയം. ലക്ഷക്കണക്കിന് ആളുകളാണ് #UbeLatte എന്ന ഹാഷ്‌ടാഗിൽ ഫോട്ടോകൾ പങ്കുവെക്കുന്നത്.

സ്റ്റാർബക്സും പർപ്പിൾ മാജിക്കും!
ഉബെ ട്രെൻഡ് കണ്ടറിഞ്ഞ് ലോകത്തെ ഏറ്റവും വലിയ കോഫി ഷോപ്പുകൾ പോലും രംഗത്തിറങ്ങി. ലോകത്തിലെ ഏറ്റവും വലിയ കോഫി ചെയിനായ സ്റ്റാർബക്സ് കഴിഞ്ഞമാസം
'ഐസ്ഡ് ഉബെ കോക്കനട്ട് മക്കിയാറ്റോ'യും ഈ മാസം 'ഉബെ കോക്കനട്ട് ക്രീം ഷേക്കൺ എസ്പ്രസ്സോ'യും വിപണിയിലിറക്കി. 'ഉബെ കോക്കനട്ട് മക്കിയാറ്റോ' വൻ ഹിറ്റായതോടെ ലോകത്തിന്റെ എല്ലാ കോണിലും ഉബെ എത്തി.
ആരോഗ്യത്തിന് ഉബെ നല്ലതാണെങ്കിലും, കടകളിൽ കിട്ടുന്ന പല പാനീയങ്ങളിലും നിറയെ പഞ്ചസാരയും സിറപ്പും ഉണ്ടെന്ന് മറക്കരുതെന്ന് ആരോഗ്യ വിദഗ്ധർ ഓർമിപ്പിക്കുന്നു.

നിങ്ങൾ ആദ്യമായാണ് ഉബെ പരീക്ഷിക്കുന്നതെങ്കിൽ ഇവ നോക്കാം:
ഉബെ ലാറ്റെ: പാലിൽ ഉബെ ചേർത്ത ഒരു ക്രീമി ഡ്രിങ്ക്.
ഡേർട്ടി ഉബെ: കാപ്പി ഇഷ്ടപ്പെടുന്നവർക്ക് ഇതിൽ ഒരു ഷോട്ട് എസ്പ്രസ്സോ ചേർക്കാം.
ഉബെ കോൾഡ് ഫോം: നിങ്ങളുടെ സാധാരണ ഐസ്ഡ് കോഫിക്ക് മുകളിൽ ഒരു പർപ്പിൾ ക്രീം ലെയർ!

വെറും ട്രെൻഡ് ആണോ?
ഫിലിപ്പീൻസുകാർക്ക് ഇതു വെറുമൊരു കിഴങ്ങല്ല, അവരുടെ സംസ്കാരമാണ്. പാശ്ചാത്യ കമ്പനികൾ ഇതിനെ ലാഭമുണ്ടാക്കാനുള്ള വഴിയായി മാത്രം കാണുമ്പോൾ, ഉബെയുടെ സാംസ്കാരിക മൂല്യം നഷ്ടപ്പെടുമോ എന്ന് ഫിലിപ്പിനോ ക്രിയേറ്റർമാർ ആശങ്കപ്പെടുന്നു.
ഈ പാനീയം കുടിക്കുമ്പോൾ ഫിലിപ്പിനോ ഉടമസ്ഥതയിലുള്ള കടകളിൽ നിന്ന് തന്നെ വാങ്ങി കുടിക്കണമെന്നും അവരുടെ കഥ കൂടി ലോകം അറിയണമെന്നും ഓൺലൈനിൽ വലിയ പ്രചാരണം തന്നെ നടക്കുന്നുണ്ട്.
മനസ്സിൽ തങ്ങുന്ന രുചിയും കണ്ണഞ്ചിപ്പിക്കുന്ന നിറവുമായി ഉബെ പാനീയ വിപണിയെ കീഴടക്കി കഴിഞ്ഞു. താൽക്കാലികമായ ഒരു തരംഗമാണോ അതോ എന്നും നിലനിൽക്കുന്ന ഒന്നാണോ ഇതെന്നറിയാൻ നമുക്ക് കാത്തിരിക്കാം. തൽക്കാലം, ലോകം മുഴുവൻ പർപ്പിൾ മയമാണ്!