മുംബൈയിൽ ഹിപ്‌സ് ഡോണ്ട് ലൈ, ഡൽഹിയിൽ യീ ലൈവ്
അടുത്ത രണ്ടു മാസങ്ങളിലായി ഇന്ത്യൻ സംഗീത ലോകം സാക്ഷ്യം വഹിക്കുക സമാനതകളില്ലാത്ത രണ്ട് വമ്പൻ പ്രകടനങ്ങൾക്കാണ്. ലാറ്റിൻ പോപ്പ് താരം ഷക്കീറയും, വിഖ്യാത റാപ്പ് താരം യീയും (Kanye West) സംഗീതവിരുന്നുമായി എത്തുന്നു. മുംബൈയിലും ഡൽഹിയിലുമായി നടക്കുന്ന ഈ രണ്ട് പരിപാടികളും ഇന്ത്യയുടെ വളരുന്ന സാംസ്കാരിക-വിനോദ മേഖലയായ "ഓറഞ്ച് ഇക്കോണമിക്ക്" ഇവ നൽകുന്ന കരുത്ത് ചെറുതല്ല.

ഷക്കീറയുടെ രണ്ടാം വരവ്
ഏതാണ്ട് 19 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഷക്കീറ ഇന്ത്യയിൽ പാടാനെത്തുന്നത്. ഏപ്രിൽ 10-ന് മുംബൈയിലെ മഹാലക്ഷ്മി റേസ്‌കോഴ്‌സിലും, ഏപ്രിൽ 15-ന് ഡൽഹിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലും പരിപാടികൾ നടക്കും.
'ഫീഡിംഗ് ഇന്ത്യ' (Feeding India) എന്ന സംഘടനയുടെ ഭാഗമായാണ് ഷോ സംഘടിപ്പിക്കുന്നത്. ഇന്ത്യയിലെ വിശപ്പും പോഷകാഹാരക്കുറവും പരിഹരിക്കുക എന്ന വലിയ ലക്ഷ്യത്തോടെയാണ് ഈ സംഗീത നിശ അരങ്ങേറുന്നത്.
2007 ൽ തൻ്റെ ഓറൽ ഫിക്സേഷൻ എന്ന സംഗീത ടൂറുമായി താരം മുംബൈയിൽ എത്തിയിരുന്നു.

'യീ' (Kanye West) ആദ്യമായി ഇന്ത്യയിൽ
അസാധ്യമെന്ന് പലരും കരുതിയിരുന്ന ഒന്നാണ് സംഭവിക്കുന്നത്. "യീ ലിവ്" (Ye Live) വേൾഡ് ടൂറിന്റെ ഭാഗമായി കാന്യെ വെസ്റ്റ് ആദ്യമായി ഇന്ത്യയിലെത്തുന്നു. റാപ്പ് സംഗീതത്തിലെ ഇതിഹാസം ആദ്യമായാണ് ഇന്ത്യയിൽ സംഗീത പരിപാടി അവതരിപ്പിക്കുന്നത്.
മാർച്ച് 29ന് ഡൽഹിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലാണ് ഷോ.
"Ye Live" എന്ന ഈ ഷോയിൽ 360 ഡിഗ്രി സ്റ്റേജും അത്യാധുനിക വിഷ്വൽ എഫക്റ്റുകളും ഉണ്ടായിരിക്കും. ഇന്ത്യയിൽ ഇതുവരെ കണ്ടിട്ടില്ലാത്ത വിധത്തിലുള്ള സ്റ്റേഡിയം എക്സ്പീരിയൻസ് ആയിരിക്കും ഇത്.

സാംസ്കാരിക സ്വാധീനം: "ഇന്ത്യ പുതിയ വേദി"
2026 ഇന്ത്യയുടെ സംഗീത ചരിത്രത്തിലെ ഒരു സുവർണ്ണ വർഷമായി മാറുകയാണ്. ആഗോള ഐക്കണുകളുടെ പ്രധാന ലക്ഷ്യസ്ഥാനമായി രാജ്യം മാറിക്കഴിഞ്ഞു എന്നതിന്റെ തെളിവാണ് ഈ വമ്പൻ പ്രകടനങ്ങൾ.
പതിറ്റാണ്ടുകളായി അന്താരാഷ്ട്ര കലാകാരന്മാർ ഇന്ത്യയെ ഒഴിവാക്കുകയോ ചെറിയ പരിപാടികൾ മാത്രം നടത്തുകയോ ആയിരുന്നു പതിവ്. എന്നാൽ ഇപ്പോൾ ചിത്രം മാറി. കോൾഡ് പ്ലേ (Coldplay) പോലുള്ള ബാൻഡുകളുടെ വിജയം ഇന്ത്യയിലെ "എക്സ്പീരിയൻസ് ഇക്കോണമി" എത്രത്തോളം വലുതാണെന്ന് തെളിയിച്ചു.
2025-ൽ കോൾഡ്‌പ്ലേ (Coldplay) നടത്തിയ പര്യടനം ഏകദേശം 600 കോടി രൂപയുടെ സാമ്പത്തിക ചലനമാണ് ഉണ്ടാക്കിയത്. "കൺസേർട്ട് ടൂറിസം" ഇന്ത്യയിൽ സജീവമാകുകയാണ്. ഷക്കീറയുടെയും യീയുടെയും ഷോകൾക്കായി മറ്റ് സംസ്ഥാനങ്ങളിൽ നിന്നും അയൽരാജ്യങ്ങളിൽ നിന്നും ആരാധകർ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ടൂറിസം, ഹോട്ടൽ, വിമാന വ്യവസായ മേഖലകൾക്ക് വലിയ ലാഭമുണ്ടാക്കും.
ഷോ നടക്കുന്ന തീയതികളിൽ ഡൽഹി, മുംബൈ എന്നിവിടങ്ങളിലെ വിമാന ടിക്കറ്റ് നിരക്കുകളും ഹോട്ടൽ നിരക്കുകളും ഇപ്പോൾ തന്നെ കുതിച്ചുയരുകയാണ്.

സാമ്പത്തിക-ലോഗിസ്റ്റിക് വെല്ലുവിളികൾ
ലോകത്തിലെ ഏറ്റവും ഡിമാൻഡുള്ള രണ്ട് കലാകാരന്മാരെ ഏതാനും ആഴ്ചകളുടെ വ്യത്യാസത്തിൽ സ്വീകരിക്കുന്നത് ഇന്ത്യയുടെ അടിസ്ഥാന സൗകര്യങ്ങൾക്ക് വലിയ പരീക്ഷണമാകും. യീയുടെ ഷോയ്ക്ക് മാത്രം പത്ത് ലക്ഷത്തിലധികം ആരാധകർ ടിക്കറ്റിനായി മത്സരിക്കുമെന്നാണ് കരുതുന്നത്. ടിക്കറ്റിംഗ് പ്ലാറ്റ്‌ഫോമായ ഡിസ്ട്രിക്റ്റ് ബൈ സൊമാറ്റോ (District by Zomato) ഈ തിരക്ക് നിയന്ത്രിക്കാനുള്ള വലിയ സമ്മർദ്ദത്തിലാണ്.