Image

ടെയ്‌ലർ സ്വിഫ്റ്റിൻ്റെ എഐ പടം ഉണ്ടാക്കിയാൽ വിവരമറിയും

കഴിഞ്ഞ അമേരിക്കൻ പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ ട്രംപിന് വോട്ട് ചെയ്യാൻ പ്രശസ്ത പോപ്പ് ഗായിക ടെയ്‌ലർ സ്വിഫ്റ്റ് ആഹ്വാനം ചെയ്യുന്ന വീഡിയോ പ്രചരിച്ചിരുന്നു. പിന്നെയാണ് അറിഞ്ഞത് അത് വ്യാജ വീഡിയോ ആണെന്ന്. എഐ വഴി നിർമിച്ച കൃത്രിമ വീഡിയോ ആയിരുന്നു അത്. അതുപോലെ തന്നെ മറ്റൊരിക്കൽ അവരുടെ നഗ്ന വീഡിയോ പ്രചരിച്ചു. ഇലോൺ മസ്ക്കിൻ്റെ  'ഗ്രോക്ക് ഇമേജിനാ'ണ് അതിനു പിന്നിൽ പ്രവർത്തിച്ചത്. വലിയ വിമർശനവും ഉയർന്നു.

എന്തായാലും ഇനി എഐ ഉടായിപ്പുകർക്ക് അതൊന്നും ഈസി അല്ല.

തൻ്റെ ശബ്ദവും രൂപവും വാണിജ്യ മൂല്യമുള്ള മുദ്രകൾ ആണെന്ന് ട്രേഡ് മാർക്ക് നിയമപ്രകാരം രജിസ്റ്റർ ചെയ്തു തരണമെന്ന് പോപ്പ് മ്യൂസിക് സൂപ്പർസ്റ്റാർ ടെയ്‌ലർ സ്വിഫ്റ്റ് അമേരിക്കയിൽ അപേക്ഷ നൽകിയിരിക്കുകയാണ്.


നിർമ്മിത ബുദ്ധി (Artificial Intelligence- AI) ഉപയോഗിച്ചുള്ള ആൾമാറാട്ടങ്ങളിൽ നിന്ന് സ്വയം സംരക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് അവർ തന്റെ ശബ്ദത്തിനും രൂപത്തിനും ട്രേഡ്‌മാർക്ക് ( വാണിജ്യ സ്ഥാപനങ്ങളുടെ പോലെ) ലഭിക്കാനായി അപേക്ഷ നൽകിയത്.

യുഎസിൽ മൂന്ന് ട്രേഡ്‌മാർക്ക് അപേക്ഷകളാണ് ടെയ്‌ലർ സമർപ്പിച്ചത്. അതിൽ ഒന്ന് തന്റെ 'ഇറാസ് ടൂറിനിടയിൽ' (Eras Tour) സ്റ്റേജിൽ നിൽക്കുന്ന ഫോട്ടോയും, മറ്റ് രണ്ടെണ്ണം തന്റെ അവസാന ആൽബത്തിന്റെ പ്രചാരണത്തിനായി റെക്കോർഡ് ചെയ്ത ഓഡിയോ ക്ലിപ്പുകളുമാണ്.

സമീപ വർഷങ്ങളിൽ എഐ ഉപയോഗിച്ച് നിർമ്മിച്ച സ്വിഫ്റ്റിന്റെ വ്യാജ ചിത്രങ്ങളും വീഡിയോകളും പലവിധത്തിൽ പുറത്തുവന്നിരുന്നു. അശ്ലീല ചിത്രങ്ങൾ മുതൽ, വ്യാജ തിരഞ്ഞെടുപ്പ് പരസ്യം വരെ ഇതിൽ ഉൾപ്പെടുന്നു.

എഐ തട്ടിപ്പുകൾ തടയാൻ സെലിബ്രിറ്റികൾ സ്വീകരിക്കുന്ന താരതമ്യേന പുതിയൊരു മാർഗമാണ് ഈ ട്രേഡ്‌മാർക്ക് അപേക്ഷകൾ.

സ്വിഫ്റ്റിന്റെ രൂപത്തെ പ്രതിനിധീകരിക്കുന്നതിനായി തിരഞ്ഞെടുത്ത ഫോട്ടോയിൽ, അവർ "കറുത്ത സ്ട്രാപ്പുള്ള ഒരു പിങ്ക് ഗിറ്റാർ പിടിച്ച്, വെള്ളി ബൂട്ട്‌സും പല നിറങ്ങൾ കലർന്ന തിളങ്ങുന്ന ബോഡിസ്യൂട്ടും ധരിച്ച് സ്റ്റേജിൽ നിൽക്കുന്നതാണ്" ഉള്ളതെന്ന് അപേക്ഷയിൽ പറയുന്നു. ഇത് നേരത്തെ ഡിസ്നി പ്ലസിലെ 'ഇറാസ് ടൂർ'  ഔദ്യോഗിക പ്രചാരണ ചിത്രങ്ങളിലൊന്നായി ഉപയോഗിച്ചിട്ടുള്ളതാണ്.

കഴിഞ്ഞ സീസണിൽ തന്റെ 'ദി ലൈഫ് ഓഫ് എ ഷോ ഗേൾ' (The Life of a Showgirl) എന്ന ആൽബം പ്രചരിപ്പിക്കുന്നതിനായി സ്‌പോട്ടിഫൈ (Spotify), ആമസോൺ മ്യൂസിക് എന്നിവയ്‌ക്കായി റെക്കോർഡ് ചെയ്ത "ഹേയ്, ഇറ്റ്സ് ടെയ്‌ലർ", "ഹേയ്, ഇറ്റ്സ് ടെയ്‌ലർ സ്വിഫ്റ്റ്" എന്നീ ശബ്ദരേഖകൾക്കും അവർ ട്രേഡ്‌മാർക്ക് അപേക്ഷ നൽകിയിട്ടുണ്ട്.

ഇവ ട്രേഡ്‌മാർക്ക് ആയി രജിസ്റ്റർ ചെയ്യുന്നത് വഴി സ്വിഫ്റ്റിന്റെ രൂപവും ശബ്ദവും എഐ ഉപയോഗിക്കുന്നത് തടയാൻ സാധിക്കും.

തന്റെ ശബ്ദവുമായി ബന്ധപ്പെട്ട പ്രത്യേക വാക്യങ്ങൾ രജിസ്റ്റർ ചെയ്യുന്നതിലൂടെ, അതേ ശബ്ദം തന്നെ ഉപയോഗിക്കുന്നത് മാത്രമല്ല, അതുമായി വളരെയധികം സാമ്യമുള്ള ശബ്ദങ്ങൾ ഉപയോഗിക്കുന്നതും തടയാൻ സ്വിഫ്റ്റിന് സാധിക്കും. ഇത് ട്രേഡ്‌മാർക്ക് നിയമത്തിലെ ഒരു പ്രധാന മാനദണ്ഡമാണ്. ചിത്രത്തിന്റെ കാര്യവും അതുപോലെ തന്നെയാണ്. ആരെങ്കിലും ഗിറ്റാറും ജംപ്‌സ്യൂട്ടും ധരിച്ച ടെയ്‌ലർ സ്വിഫ്റ്റിന്റെ എഐ പതിപ്പോ അല്ലെങ്കിൽ അതുമായി സാമ്യമുള്ള ഒന്നോ നിർമ്മിച്ചാൽ, സ്വിഫ്റ്റിന് നിയമപരമായി അതിനെ നേരിടാൻ സാധിക്കും.